Tiger again found in Veerankudi, Thrissur
3, August, 2025
Updated on 3, August, 2025 52
നാലു വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായ തൃശ്ശൂർ മലക്കപ്പാറ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി. ഉന്നതിയിലെ കുടിലുകൾക്കകത്ത് ഉൾപ്പെടെ പുലി കയറിയതോടെ ഭീതിയിലാണ് നാട്ടുകാർ.
കഴിഞ്ഞ അർദ്ധരാത്രിയാണ് വീണ്ടും പുലി വീരൻകുടി ഉന്നതിയിലെത്തിയത്. വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ ആളുകളെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഉന്നതിയിലെ എല്ലാ കുടിലുകളിലും പുലിയെത്തി. നാലു വയസ്സുകാരനെ പുലി പിടികൂടിയതിനുശേഷം മൂന്നാം തവണയാണ് ഇവിടേക്ക് പുലിയെത്തുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വീരൻകുടി, അരേക്കാപ്പ് ഉന്നതികളിലെ 47 കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്ഥലമടക്കം കണ്ടെത്തിയെങ്കിലും വനം വകുപ്പ് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് എത്തിയ ചാലക്കുടി തഹസിൽദാർ ജേക്കബിന്റെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായി.