Kannapuram blast: Accused Anoop Malik arrested
31, August, 2025
Updated on 31, August, 2025 67
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുകളെന്ന് കണ്ടെത്തി.
സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് ശേഖരിച്ചതിലാണ് മാട്ടൂല്‍ സ്വദേശി അനൂപ് മാലികിനെതിരെ പൊലീസ് കേസെടുത്തത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം.
അനൂപിന്റെ നിര്‍ദേശത്തിന് അനുസരിച്ച് സ്‌ഫോടക വസ്തുകള്‍ നിര്‍മിച്ചു എത്തിച്ചുനല്‍കുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തല്‍. അനൂപിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകള്‍ നിലവിലുണ്ട്. 2016ല്‍ കണ്ണൂര്‍ പുഴാതിയില്‍ വീടിനുള്ളില്‍ സമാന രൂപത്തില്‍ സ്‌ഫോടനം ഉണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ് . ആ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും അനൂപിന്റെ ഭാര്യക്കും മകള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു