ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും സിപി.ഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണം. ജന്മി-കുടിയാൻ ബന്ധത്തിൽ നിന്നും അവർ മോചിതരാകണം.
ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സി.പി.ഐ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞു പോകും. 'നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം, എന്ന പഴയ മുദ്രാവാക്യം സി.പി.ഐക്കാർക്ക് അന്തസ്സോടെ മുഴക്കാം.
മുഖ്യകക്ഷി ആയിരുന്നപ്പോഴും തങ്ങൾക്ക് അവകാശപ്പെട്ട മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസാണ് സി.പി.ഐ നേതാക്കളായ സി.അച്ചുതമേനോൻ, പി.കെ വാസുദേവൻ നായർ എന്നിവർക്ക് നൽകിയത്. എം.എൻ. ഗോവിന്ദൻ നായർ, ടി.വി.തോമസ് എന്നിവർക്കും മന്ത്രിസഭയിൽ പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. പത്തുവർഷത്തെ ഈ സുവർണ്ണകാലം അയവിറക്കാനേ ഇപ്പോൾ സി. പി. ഐയ്ക്ക് കഴിയുന്നുള്ളൂ.
അച്ചുതമേനോനെ മികച്ച മുഖ്യമന്ത്രിയായി കോൺഗ്രസുകാർ ഇപ്പോഴും വാഴ്ത്തുമ്പോൾ അദ്ദേഹത്തിൻ്റെ പേരു പോലും ഉച്ചരിക്കാൻ സി.പി.എ മുഖ്യമന്ത്രിയും പാർട്ടി ദേശീയ സെക്രട്ടറിയും തയ്യാറല്ല.