1, November, 2025
Updated on 1, November, 2025 40
കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ നിർദേശം. സർക്കുലറിലാണ് ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു.
സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. മുൻപും പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്. സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കുന്നത് വിലക്കിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചത്.