കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ


6, November, 2025
Updated on 6, November, 2025 31


കുവൈത്ത് സിറ്റി: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. കുവെെത്ത് സിറ്റിയിലെത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലോക കേരളസഭ അംഗങ്ങൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിക്കും.



രണ്ടുദിവസത്തെ സന്ദർശനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും. കുവൈറ്റിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്.


വ്യാഴാഴ്ച കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രി, ഏതാനും ചില ഔദ്യോഗിക പരിപാടികളും ചില വ്യക്തിഗത സന്ദർശനങ്ങളും നടത്തും. വെള്ളിയാഴ്ച മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ കുവൈറ്റ്‌ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി സംസാരിക്കും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


മലയാളം മിഷൻ, ലോക കേരളസഭ, അബുദാബിയിലെയും അൽ ഐനിലെയും പ്രവാസി സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളോത്സവത്തിലും പങ്കെടുക്കും. നവംബർ ഒമ്പതിന് വൈകിട്ട്‌ ഏഴ് മണിക്ക് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.




Feedback and suggestions