6, November, 2025
Updated on 6, November, 2025 40
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥയിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത്തരം ദയനീയമായ കാഴ്ചകള്‍ മറച്ചുവെയ്ക്കാനാണ് സര്‍ക്കാര്‍ ദിവസേന കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കുന്നതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പത്മന സ്വദേശി വേണു, ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ്. അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറുദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും രോഗികളെ തിരിഞ്ഞ് നോക്കിയില്ലെന്ന വേണുവിന്റെ മരണമൊഴി സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥയുടെ നേര്‍രേഖയാണ്. ആത്മാഭിമാനവും മനുഷ്യത്വവും അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യമന്ത്രി ഉടനടി രാജിവെയ്ക്കുകയോ മുഖ്യമന്ത്രി അവരെ പുറത്താക്കുകയോ ചെയ്യണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.