11, November, 2025
Updated on 11, November, 2025 33
കോട്ടയം : ഡൽഹി ബോംബ് സ്ഫോടനത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മലങ്കസഭാധ്യക്ഷൻ ആദരാഞ്ജലികൾ നേർന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവാ പ്രതികരിച്ചു.
അത്യന്തം വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ രാജ്യം കടുന്നുപോകുന്നത്. ഡൽഹി സംഭവം ഭാരതത്തിന്റെ ഏകതയ്ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കമാണ്. ഇത്തരം നിഴൽയുദ്ധങ്ങളിലൂടെ രാജ്യസമാധാനത്തെയും, ഭാരതത്തിന്റെ പുരോഗതിയെയും തകർക്കാനാണ് ദുഷ്ടബുദ്ധികൾ ശ്രമിക്കുന്നത്. ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങളും തുടച്ചുനീക്കപ്പെടണം. ഭാരതീയരെന്ന നിലയിൽ നാം നമ്മുടെ രാജ്യത്തിനൊപ്പം ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ ഭരണാധികാരികൾക്ക് കഴിയട്ടെയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.