തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : വോട്ടിങ് മെഷീനുകൾ വിതരണ കേന്ദ്രങ്ങളിലേക്ക്


29, November, 2025
Updated on 29, November, 2025 28


തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ജില്ലയിലെ വെയർ ഹൗസുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേക്കെത്തിത്തുടങ്ങി. 


കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എ.ആർ.ഒ കെ.പ്രദീപിന് മെഷീൻ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വട്ടിയൂർക്കാവ് ഇടയപ്പള്ളി കളക്ടറേറ്റ് വെയർ ഹൗസുകളിൽ സൂക്ഷിച്ചിട്ടുള്ള ഇ വി എമ്മുകളുടെ വിതരണം നാളെയോടെ പൂർത്തിയാകും.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലേക്കും കിളിമാനൂർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് കളക്ടറേറ്റിൽ നിന്നും വിതരണം ചെയ്തത്. 

വട്ടിയൂർക്കാവ് വെയർ ഹൗസിൽ നിന്ന് പാറശ്ശാല, പെരുങ്കടവിള, അതിയന്നൂർ, നേമം, പോത്തൻകോട്, വാമനപുരം, വർക്കല എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയ്ക്കുള്ള മെഷീനുകൾ വിതരണം ചെയ്യും. ഇടയപ്പള്ളി വെയർ ഹൗസിൽ നിന്ന് വെള്ളനാട്, നെടുമങ്ങാട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ മുൻസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനിലക്കുമുള്ള ഇ.വി.എമ്മുകൾ വിതരണം ചെയ്യും. 

സ്ഥാനാർത്ഥി ക്രമീകരണം നടത്തിയ ശേഷം ( കാൻഡിഡേറ്റ് സെറ്റിംഗ്) വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്ന ഇ വി എമ്മുകൾ ഡിസംബർ എട്ടിന് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.

 പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവി എമ്മിന് ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിങ് കമ്പാർട്ട്‌മെന്ററിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യുണിറ്റുകൾ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.


ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. പതിനാറു മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. വോട്ടിങ് മെഷീനുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക ഇ.വി.എം സോഫ്റ്റ്വെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.




Feedback and suggestions