മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ബോംബ് ഭീഷണി


1, December, 2025
Updated on 1, December, 2025 26


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ബോംബ് ഭീഷണി (Bomb Threat To Cliff House). മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചയുടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.ഇത്തവണ വസ്തുവകകൾക്ക് നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഇരട്ടസ്‌ഫോടനം നടത്താനാണ് ഉദ്ദേശം. ഇതിൻ്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. പിന്നാലെ ക്ലിഫ് ഹൗസിൽ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ വിദേശപര്യടനത്തിലാണ്. ഞായറാഴ്ചയാണ് മൂന്നുദിവസ സന്ദർശനത്തിനായി അദ്ദേഹം ദുബായിൽ എത്തിയത്. ഇതിന് പുറമേ സ്വകാര്യ ബാങ്കിന്റെ മാനേജർക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.


ഇത്തരത്തിൽ കഴിഞ്ഞ കുറേ നാളുകളായി പലയിടങ്ങളിലും ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ലഭിച്ചതിൽ പലതും പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി തള്ളികളയുകയായിരുന്നു. തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഭീകരവിരുദ്ധ കേസുകളും പരാമർശിച്ചാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.




Feedback and suggestions