5, December, 2025
Updated on 5, December, 2025 40
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഒളിസങ്കേതം കണ്ടെത്താനാകാതെ പോലീസ്. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിൻ്റെ മൊബൈൽ ഫോണുകൾ ഓണായെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, എംഎൽഎയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് പോലീസിന്റെ ശ്രമം.സെൻഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിന് പിന്നാലെയാണ് പാലക്കാട് നിന്ന് രാഹുൽ മുങ്ങിയത്. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിലാണ് പാലക്കാട് നിന്ന് പൊള്ളാച്ചി വരെ എത്തിയത്. ശേഷം, അവിടെ നിന്ന് മറ്റൊരു കാറിൽ കയറി കോയമ്പത്തൂരിലേക്ക് പോയി.
അവിടെ നിന്ന് തമിഴ്നാട് – കർണാടക അതിർത്തിയിലെത്തി ബാഗല്ലൂരിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞെന്നാണ് വിവരം. ഞായറാഴ്ച മുതൽ രാഹുൽ ഈ റിസോർട്ടിലായിരുന്നു. എന്നാൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങി. ബാഗല്ലൂരിലെ ഒരു വീട്ടിലേക്കും അവിടെ നിന്ന് നേരെ ബംഗളൂരുവിലേക്കുമാണ് രാഹുൽ പോയത്.
സിസിടിവി ക്യാമറകളുള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് എംഎൽഎ മുങ്ങുന്നത്. അതേസമയം, പോലീസിൽ നിന്ന് വിവരം ചോരുന്നുവെന്ന സംശയവുമുണ്ട്. ഇതിനെ തുടർന്ന് അന്വേഷണ സംഘം കൂടുതൽ ജാഗ്രതയിലായി.