വിവാഹ ജീവിതത്തിലെ സമത്വം! പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി


16, December, 2025
Updated on 16, December, 2025 15




വിവാഹ ജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് സുപ്രീം കോടതി. സ്ത്രീധനം എന്ന സാമൂഹിക തിന്മ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതായി കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ ഭാവിതലമുറയെ ബോധവൽക്കരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിലൂടെ മാത്രമേ ഈ തിന്മയെ വേരോടെ പിഴുതെറിയാൻ സാധിക്കൂ.


കൂടാതെ, സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികളോട് സുപ്രീം കോടതി നിർദേശിച്ചു. സ്ത്രീധന നിയമക്കേസുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും ‘സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ’ നിയമിക്കണമെന്നും കോടതി മാർഗ്ഗരേഖയിറക്കി. ഇത്തരം കേസുകളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പോലീസിനും ജുഡീഷ്യൽ ഓഫീസർമാർക്കും പഠനം നൽകുന്നതിനായുള്ള പരിശീലനം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.



സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിച്ചാൽ, അവരുടെ കോൺടാക്റ്റ് വിവരങ്ങൾ (പേര്, ഔദ്യോഗിക ഫോൺ നമ്പർ, ഇമെയിൽ ഐഡി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കൂടാതെ, സ്ത്രീധനത്തിനെതിരെയുള്ള ബോധവൽക്കരണം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങളും ജില്ലാ നിയമ സേവന അതോറിറ്റികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തി വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കണം. ഇത് വലിയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഉത്തർപ്രദേശിലെ ഒരു സ്ത്രീധനമരണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാന നടപടികൾ കൈക്കൊണ്ടത്.




Feedback and suggestions