19, December, 2025
Updated on 19, December, 2025 8
മസ്‌കറ്റ്: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്‌കറ്റില്‍ നടന്ന ഇന്ത്യ-ഒമാന്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തിലധികമാണ്. ഇതിനര്‍ഥം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നുവെന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ 21ാം നൂറ്റാണ്ടില്‍ നമ്മുടെ പങ്കാളിത്തത്തിന് ആത്മവിശ്വാസവും ഊര്‍ജവും നല്‍കും. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യ തങ്ങളുടെ നയങ്ങള്‍ മാത്രമല്ല, സാമ്പത്തിക ഡിഎന്‍എയും മാറ്റിയെന്നും, വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് മോദി കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളിലെയും ബിസിനസ് നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയും, കൂടുതല്‍ ആഴത്തിലുള്ള സാമ്പത്തിക സഹകരണം രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യയുടെ സാമ്പത്തിക പാതയെയും മറ്റ് പങ്കാളികളില്‍ നിന്നുള്ള വെല്ലുവിളികളും മോദി വേദിയില്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വഭാവം എപ്പോഴും പുരോഗമനപരവും സ്വയം നയിക്കപ്പെടുന്നതുമാണ്. ഇന്ത്യ വളരുമ്പോഴെല്ലാം സുഹൃത്തുക്കളെയും വളരാന്‍ സഹായിക്കുന്നു. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇത് മുഴുവന്‍ ലോകത്തിന് ഗുണമാണ്, എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ എന്നതിലുപരി, നമ്മള്‍ കടലിനിപ്പുറമുള്ള അയല്‍ക്കാര്‍ കൂടിയായതിനാല്‍ ഒമാന് അത് ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, മറ്റൊരു വ്യക്തിഗത രാജ്യവുമായി ഒമാന്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ വ്യാപാര കരാറാണിത്. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം ഒപ്പുവെക്കുന്ന ആദ്യത്തെ കരാര്‍ എന്ന പ്രത്യേകതയുമുണ്ട്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഗുണകരമാകുന്ന നിരവധി കരാറുകളില്‍ സമീപവര്‍ഷങ്ങളില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.