ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി


16, December, 2025
Updated on 16, December, 2025 17


 



അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ കൽക്കരിയും വിറകും ഉപയോഗിച്ചുള്ള തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. നഗരത്തിലെ എല്ലാ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, തുറസ്സായ ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ തന്തൂറുകൾക്കാണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (DPCC) നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡൽഹിയിലെ ആനന്ദ് വിഹാർ, ഐ.ടി.ഒ. എന്നിവിടങ്ങളിലെ വായുഗുണനിലവാര സൂചിക (AQI) 400-ന് അടുത്താണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് അതീവ ഗുരുതരമായ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച റെസ്റ്റോറൻ്റുകളിലെ തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ട്, 1981-ലെ സെക്ഷൻ 31(എ) പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. ഡിസംബർ 9-ന് റിപ്പോർട്ട് ചെയ്തു. എല്ലാ ഹോട്ടലുകളും ഭക്ഷണശാലകളും ഉടൻ തന്നെ വൈദ്യുതി, ഗ്യാസ് അല്ലെങ്കിൽ മറ്റ് ശുദ്ധമായ ഇന്ധനം ഉപയോഗിച്ചുള്ള ഉപകരണങ്ങളിലേക്ക് മാറണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.


ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) IV ഏർപ്പെടുത്തി


ഡൽഹി-എൻ.സി.ആർ. മേഖലയിലെ വായു ഗുണനിലവാരം മോശമായതോടെ കഴിഞ്ഞ ശനിയാഴ്ച ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ്റിൻ്റെ (GRAP) നാലാം ഘട്ടം (Stage IV) നടപ്പിലാക്കിയിരുന്നു. മലിനീകരണ തോത് അപകടകരമായ നില മറികടന്നതിനെ തുടർന്നാണ് ഗ്രേപ്പ് സബ്-കമ്മിറ്റി 'അതീവ ഗുരുതരം+' (Severe+) എന്ന വിഭാഗത്തിലെ നാലാം ഘട്ടം ഉടനടി പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചതെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (CAQM) അറിയിച്ചു.GRAP IV പ്രകാരം, ജൈവവസ്തുക്കൾ, മാലിന്യങ്ങൾ അല്ലെങ്കിൽ കൽക്കരി പോലുള്ള വസ്തുക്കൾ തുറന്ന സ്ഥലത്ത് കത്തിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.






Feedback and suggestions