4, February, 2026
Updated on 4, February, 2026 24
മണിപ്പൂരിൽ ഒരു വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. സംസ്ഥാനത്ത് പുതിയ ജനാധിപത്യ സർക്കാർ അധികാരമേൽക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറച്ചു മുന്നെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ വംശീയ കലാപത്തെ തുടർന്ന് കലുഷിതമായ വടക്കുകിഴക്കൻ സംസ്ഥാനം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് കീഴിലേക്ക് മാറുകയാണ്.
ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും. ഇന്ന് വൈകുന്നേരം ഇംഫാലിലെ ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. ഖേംചന്ദിനൊപ്പം കുക്കി-സോ വിഭാഗത്തിൽ നിന്നുള്ള നെംച കിപ്‌ജെൻ, നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ഡിക്കോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 13-നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. അന്നത്തെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്നായിരുന്നു ഈ നടപടി. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ വംശീയ ഐക്യം വീണ്ടെടുക്കാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ