24, September, 2026
Updated on 24, September, 2026 9
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്ത്. ഗ്യാനേഷ് കുമാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും എസ്ഐആര്‍ നടപടികള്‍ 2025ലെ സ്ഥിതിയിലേക്ക് തിരികെ മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷ്ണർമാർക്കിടയിലെ അഭിപ്രായ ഭിന്നത ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും കുത്തിയിരിപ്പ് സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകനും കണ്‍വീനറുമായ ദീപ്‌കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് മൂന്ന് പ്രധാന ആവശ്യങ്ങളാണ് കോ-കണ്‍വീനര്‍ സൗരവ് ദാസ് മുന്നോട്ടുവെച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍, ഇതിനുപുറമെ, എസ്ഐആര്‍ സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.