എസ്.ഐ.ആർ: തെറ്റുകൾ അംഗീകരിച്ചു, ശരി തന്നെ..! പക്ഷെ സംശയങ്ങൾക്ക് ഉത്തരമില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ


28, September, 2026
Updated on 28, September, 2026 12


ന്യൂഡൽഹി: വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിൽ ഉയർന്ന ആശങ്കകൾക്ക് പിന്നാലെ ചില വിഷയങ്ങളിൽ തിരുത്തൽ നടപടികളുമായി കമ്മിഷൻ മുന്നോട്ടുപോയെങ്കിലും പ്രധാന ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കമ്മിഷണർമാരായ സുഖ്‌ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച വിഷയങ്ങളിൽ ഒമ്പത് തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഫോം 6-ലെ മാറ്റവും പശ്ചിമബംഗാളിലെ വോട്ടർ അപ്പീലുകളുമടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.


പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6-ന്റെ ഓൺലൈൻ പതിപ്പിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട അധിക പ്രഖ്യാപനം ഉൾപ്പെടുത്തിയതാണ് പ്രധാന വിവാദം. അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേര് മുൻ എസ്.ഐ.ആർ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നോയെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. വിഭാഗം നിർബന്ധിതമല്ലെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും അതിന് മറുപടി നൽകാതെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഫോം 6 നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഫോമാണെന്നും 1960-ലെ Registration of Electors Rules ഭേദഗതി ചെയ്യാതെ അതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും മേയ് 16ന് വിവേക് ജോഷിയും മേയ് 19ന് സുഖ്‌ബീർ സിങ് സന്ധുവും രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 13നും സന്ധു ഈ മാറ്റം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ തീരുമാനത്തിൽ ഓൺലൈൻ ഫോമിലെ ഈ പ്രത്യേക വ്യവസ്ഥ നീക്കിയോയെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല.



എസ്.ഐ.ആർ നടക്കാത്ത സംസ്ഥാനങ്ങളിൽ സാധാരണ നിയമപ്രകാരമുള്ള ഫോം 6 ഉപയോഗിക്കാമെന്നാണ് കമ്മിഷന്റെ പുതിയ നിലപാട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമാർക്ക് ഇത് ആശ്വാസകരമാണെങ്കിലും, എസ്.ഐ.ആർ സംബന്ധിച്ച അധിക വ്യവസ്ഥ കാരണം എത്രപേർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിൽ തടസ്സമുണ്ടായി എന്ന ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ല. അതേസമയം, പശ്ചിമബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാർ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചവർക്കെതിരെ അപ്പീൽ നൽകിയത് ആരാണ്, അതിന് അനുമതി നൽകിയത് ആര് തുടങ്ങിയ ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാണ്. ഈ വിഷയങ്ങളിൽ പുതിയ കമ്മിഷൻ തീരുമാനത്തിൽ വ്യക്തമായ വിശദീകരണമില്ല.


ഇതിനൊപ്പം ECINet സംവിധാനവും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതി ECINet പരിശോധിക്കുകയും ഐ.ഐ.ടി/ഐ.ഐ.ഐ.ടി തലത്തിലുള്ള സ്വതന്ത്ര വിദഗ്ധനെയും ഉൾപ്പെടുത്തുകയും ചെയ്യും. കമ്മിഷണർമാർ ഉന്നയിച്ച മറ്റ് ചില ആശങ്കകൾക്ക് നടപടികൾ പ്രഖ്യാപിച്ചെങ്കിലും ഫോം 6-ലെ സത്യവാങ്മൂല വ്യവസ്ഥ, പശ്ചിമബംഗാളിലെ അപ്പീലുകൾ, ഐ.ടി വിഭാഗവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ എന്നിവയിൽ വ്യക്തത വരാനുണ്ട്. അതിനാൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദത്തിൽ ചില നടപടികൾ ഉണ്ടായെങ്കിലും വോട്ടർ രജിസ്ട്രേഷനും വോട്ടവകാശവുമായി നേരിട്ട് ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ ഇപ്പോഴും ചർച്ചയിലാണെന്നതാണ് നിലവിലെ സ്ഥിതി.




Feedback and suggestions