14, February, 2026
Updated on 14, February, 2026 15
തിരുവനന്തപുരം: വേനൽ മഴ കാത്ത് കേരളക്കര. സംസ്ഥാനത്ത് ദിനംപ്രതി ചൂട് കനക്കുകയാണ്. ഫെബ്രുവരി മാസം പകുതിയാകുന്നതോടെ കഠിനമായ ചൂടാണ് സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. അറബിക്കടലിലെ കാറ്റിൻ്റെ ഗതിമാറ്റവും അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ കുറവുമാണ് കേരളത്തിൽ നിലവിലെ കഠിനമായ ചൂടിന് പ്രധാന കാരണം. പല ജില്ലകളിലും സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണാ സാധ്യത.വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുകൾ പറയുന്നത്. മഴയുമായി ബന്ധപ്പെട്ട യാതൊരു മുന്നറിയിപ്പുകളും ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ കാലാവസ്ഥ തുടർന്നാൽ മാർച്ചിൽ മാത്രമെ ഇനി ഇനി സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാനാകൂ. മുൻ കാലങ്ങളിൽ ശിവരാത്രിയോട് അനുബന്ധിച്ച് മഴ ലഭിക്കാറുണ്ട്. ഇക്കുറി എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്
മഴ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്കായി കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിൽ ചുവന്ന പാടുകളോ, തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. ചൂടുള്ള സമയത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.