മത്തിക്കും അയലയ്ക്കും തീവില; ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും മീനില്ല, ചതിച്ചത് മഴയോ?


10, August, 2026
Updated on 10, August, 2026 1


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംങ് നിരോധനം കഴിഞ്ഞെങ്കിലും വിപണിയിൽ കത്തികയറി മത്സ്യവില. കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ മത്സ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട മത്തി (ചാള), അയല ഉൾപ്പെടെയുള്ള പ്രധാന മീനുകൾക്ക് തീവിലയാണ്. വിപണിയിൽ ആവശ്യത്തിന് മീനുകൾ എത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ രൂക്ഷമായ വിലക്കയറ്റത്തിന് പ്രധാന കാരണം. ട്രോളിങ് നിരോധനം അവസാനിച്ചതോടെ വൻതോതിൽ മീനുകൾ ലഭ്യമാകുമെന്നും വില കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷയെ കാറ്റിൽപ്പറത്തി സംസ്ഥാനത്ത് കനത്ത മഴയും കടലിലെ പ്രതികൂല കാലാവസ്ഥയും തുടരുകയാണ്.കടൽക്ഷോഭവും കാറ്റും കാരണം ഭൂരിഭാഗം ബോട്ടുകൾക്കും കടലിൽ ഇറങ്ങാൻ സാധിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നും മുനമ്പത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നും വിപണികളിൽ മീനുകളെത്തുന്നുണ്ടെങ്കിലും വില ഉയർന്ന് നിൽക്കുകയാണ്. കത്തിച്ചാളയ്ക്ക് 250 രൂപയും സാധാരണ മത്തിക്ക് 250 മുതൽ 280 രൂപയുമാണ് നിലവിലെ വിപണി വില. വ്യാപാരികൾ കൊഴുവ, വെളൂരി തുടങ്ങിയ മീനുകൾ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് പ്രിയം മത്തിയോടും അയലയോടുമാണ്.മഴ കുറയുന്നതോടെ കച്ചവടം സാധാരണഗതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ചെറുകിട മത്സ്യവില്പനക്കാർ പറയുന്നത്. ട്രോളിങ് നിരോധനവും പ്രതികൂല കാലാവസ്ഥയും മൂലം കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ മത്തി, അയലമീനുകൾ എത്താതിരുന്നതും വിലകയറ്റത്തിന് കാരണമായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം മത്സ്യബന്ധനത്തിനിറങ്ങാത്തത് വലിയ മീനുകളും വിപണിയിൽ കിട്ടാക്കനിയായി നിൽക്കുകയാണ്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് മീൻവില കൂടുന്നത് വയറ്റത്തടിയാണ്.


തമിഴ്നാട്ടിൽനിന്നെത്തുന്ന വറ്റയും ചെറിയ ചെമ്മീനും ചെമ്പല്ലിയുമാണ് വിപണിയിൽ നിലവിൽ കച്ചവടം പൊലിപ്പിക്കുന്നത്. കടലിലെ താപനില വർധിച്ചതുമൂലം മത്തി, അയല എന്നിവ കേരളതീരം വിട്ടുപോകുന്നതും മീനിൻ്റെ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. മീനിന് പകരം മറ്റ് വഴികൾ തേടേണ്ടിവരുന്നതായി മീൻ വാങ്ങെനെത്തുന്നവരും പറയുന്നു. വിപണിയിൽ ചെറിയതോതിൽ കിളിമീൻ, കണവ എന്നിവയും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മഴ മാറിയാൽ മാത്രമെ മത്സ്യബന്ധം പഴയപടിയാകുകയുള്ളൂ.


കടലിലെ 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് കടലിൽ ഇറങ്ങിയപ്പോൾ, വിപണിയിൽ മീൻ സുലഭമാകുമെന്നും വില കുറയുമെന്നും സാധാരണക്കാർ പ്രതീക്ഷിച്ചിരുന്നു. പലയിടത്തും വള്ളങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് കൂലിപോലും കൊടുക്കാൻ തികയുന്നത്ര മീൻ ലഭിക്കുന്നില്ല. ട്രോളിങ് കാലത്ത് ഉപജീവനമില്ലാതെ വലഞ്ഞ തൊഴിലാളികൾക്ക്, നിരോധനം കഴിഞ്ഞുള്ള ഈ സീസൺ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പലരും ബോട്ടുകൾ കരയിൽ നിർത്തിയിടേണ്ടി വരുന്ന അവസ്ഥയിലാണ്.




Feedback and suggestions