13, August, 2026
Updated on 13, August, 2026 7
ന്യൂഡൽഹി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പരാതിയുമായി സ്വകാര്യ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. പദ്ധതി ഉടനടി റദ്ദാക്കണമെന്നാണ് തൃശൂർ സ്വദേശിയായ ബസ് ഉടമയുടെ ആവശ്യം. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജിയുമായി ദില്ലിയിലെത്തിയത്. ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചത് വിപണിയിലെ തുല്യ മത്സരത്തിന് തടസ്സമാണെന്നും ഇത് സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. സാമ്പത്തിക പ്രതിസന്ധി കാരണം 750-ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ പണിപോയെന്നും പരാതിയിൽ പറയുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ സൗജന്യ യാത്രാ പദ്ധതിക്കെതിരെ സർവീസ് താല്പര്യങ്ങൾ മുൻനിർത്തിയാണ് ബസ് ഉടമകളുടെ ഈ നീക്കം.