22, February, 2026
Updated on 22, February, 2026 7
തിരുവനന്തപുരം : കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില പ്രശ്നങ്ങൾ ഉയർന്നു വന്നത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടായി. നാടിന്റെ പഴയ അവസ്ഥയിൽ നിന്നും എത്രയധികം നാം മുന്നോട്ട് പോയെന്നും തിരിച്ചറിയേണ്ടതുണ്ട്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തെ രോഗങ്ങൾക്കെല്ലാം ചികിത്സ നൽകാനുള്ള കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികൾ മാറി. കോവിഡ് കാലം അത് തെളിയിച്ചതാണ്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കി. എല്ലാ പ്രദേശങ്ങളിലും ആശുപത്രികൾ ജനസൗഹൃദപരമായി മാറി. നവജാത ശിശുമരണ നിരക്കിൽ അഭിമാനകരമായ സ്ഥാനത്താണ് കേരളം. അമേരിക്കയെ മറികടക്കാൻ നമുക്ക് സാധിച്ചു. ഇതാണ് നമ്മുടെ നാട് നേടിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ രംഗം കേരളമാണെന്ന് കേന്ദ്ര സർക്കാർ തുടർച്ചയായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആയിരത്തോളം സ്കൂളുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതോടെ വലിയ മാറ്റങ്ങളുണ്ടായി. വിദ്യാലയങ്ങൾ നവീകരിച്ചു. ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളായി. ഇതിനായി 5000 കോടി രൂപയാണ് സർക്കാർ ചെലവാക്കിയത്. അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞ സ്ഥാനത്ത് 10 ലക്ഷത്തിലധികം കുട്ടികൾ പുതുതായി വന്നുചേർന്നു. നടക്കില്ലെന്നു പറഞ്ഞ പല പദ്ധതികളും സംസ്ഥാനത്ത് യാഥാർഥ്യമായെന്നും കിഫ്‌ബിയിലൂടെ 1,16,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.1293 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വഴയില-പഴകുറ്റി നാലുവരി പാതയുടെ രണ്ടാം റീച്ചിന്റെ നിർമ്മാണ ഉദ്ഘാടനം, മൂന്നാം റീച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യൽ, 89.4 കോടി രൂപയിൽ ജില്ലാആശുപത്രിയിൽ ആറുനിലയിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, 9.61 കോടി ചെലവിൽ നിർമ്മിച്ച ടൂറിസം വകുപ്പിന്റെ മോട്ടൽ ആരാം ഉദ്ഘാടനം, 2.95 കോടി രൂപയ്ക്ക് അഗ്നിരക്ഷാസേനയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. കല്ലിംഗൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി ശിവൻകുട്ടി, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ ജയദേവൻ, , ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ ജെ പങ്കെടുത്തു.