24, February, 2026
Updated on 24, February, 2026 7
ന്യൂഡൽഹി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേയുമായി സർക്കാരിന് ഇനി തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാമെന്ന് പരമോന്നത കോടതി വ്യക്തമാക്കി.പിണറായി സർക്കാരിന് വലിയ രാഷ്ട്രീയ-നിയമ വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.ഭരണപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് ഹൈക്കോടതിയെ സുപ്രീം കോടതി വിമർശിച്ചു. സർക്കാർ ആവിഷ്കരിച്ച ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തുന്നുവെന്ന് പരിശോധിക്കാനും അതിനായി വിവരശേഖരണം നടത്താനും സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. “ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റ്?” എന്ന് സുപ്രീം കോടതി ചോദിച്ചു.പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താം. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ല.വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള വിവരശേഖരണം രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടയാനാവില്ലെന്ന് കോടതി അടിവരയിട്ടു.സർവേയ്ക്കായി നീക്കിവെച്ച 20 കോടി രൂപയുടെ ചെലവ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവരശേഖരണമാണ് നടക്കുന്നത് എന്ന് ആരോപിച്ച് കെ.എസ്.യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ സ്റ്റേ ചെയ്തത്. ഈ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സർക്കാരിന് വേണ്ടി ഹാജരായത്. കേസ് ഇനി ഏപ്രിൽ 13-ന് വീണ്ടും പരിഗണിക്കും.