13, March, 2026
Updated on 13, March, 2026 5
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 28 ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ മോചനത്തിനായി ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കി. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ സുപ്രധാന പാത തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിപണിയെയും ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇറാൻ യാത്രാനുമതി നിഷേധിച്ചിരിക്കുകയാണ്. നിലവിൽ 778 ഇന്ത്യൻ നാവികരാണ് വിവിധ കപ്പലുകളിലായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മേഖലയിലെ ആക്രമണങ്ങളിൽ ഇതിനോടകം മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിയൻ അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇറാന്റെ നിലപാട്.ഇറാനിലുള്ള 9,000-ത്തോളം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു. മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അസർബൈജാൻ, അർമേനിയ വഴി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സംഘർഷത്തിനിടയിലും സൗദിയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഒരു ലൈബീരിയൻ ടാങ്കർ മുംബൈയിൽ എത്തിയത് നേരിയ ആശ്വാസത്തിന് വക നൽകുന്നുണ്ട്.