എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍


19, March, 2026
Updated on 19, March, 2026 8


മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിക്ക് ആ മുന്നേറ്റം തുടരാന്‍ ഇന്ന് സാധിച്ചില്ല. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവാണ് ഓഹരി വിപണി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 1700ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി.എണ്ണ വില കുതിച്ചുയരുന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ബുധനാഴ്ച പശ്ചിമേഷ്യയിലെ നിരവധി എണ്ണ ഉല്‍പ്പാദന, വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുഎസ് കേന്ദ്രബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നതും വിപണിയെ സ്വാധീനിച്ചു.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയാണ് യുഎസ് കേന്ദ്രബാങ്ക് പണ വായ്പാ നയം പ്രഖ്യാപിച്ചത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട ബാങ്ക് ഓഹരികള്‍.




Feedback and suggestions