ഇറാൻ അമേരിക്കയ്ക്ക് വലിയൊരു 'സമ്മാനം' നൽകി; ഹോർമുസ് കടലിടുക്കുമായി ബന്ധമെന്ന് ട്രംപ്


25, March, 2026
Updated on 25, March, 2026 4


ഇറാൻ അമേരിക്കയ്ക്ക് വലിയൊരു 'സമ്മാനം' നൽകിയതായും ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്.ഇറാന്റെ ഈ നീക്കം വലിയ സാമ്പത്തിക മൂല്യമുള്ളതാണെന്നും എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ പാതയിലെ അനിശ്ചിതത്വം ഊർജ്ജ പ്രതിസന്ധിക്കും വിപണിയിലെ വിലക്കയറ്റത്തിനും കാരണമായിരുന്നു.


ഈ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. ഇത് ആണവ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് എണ്ണ, പ്രകൃതിവാതക മേഖലകളുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കി. വളരെ വലിയ തുകയുടെ മൂല്യമുള്ള ഒരു കാര്യമാണ് അവർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ഇതിനകം വിജയിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ വിട്ടുവീഴ്ചകൾ വളരെ വേഗത്തിലായതിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് നിരാശയുണ്ടെന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു. ക്യാമ്പയിൻ ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ ശരിയായ ആളുകളുമായി അമേരിക്കൻ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇറാനുമായുള്ള ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ട്രംപ്, ചർച്ചകളിൽ ആരൊക്കെ പങ്കെടുക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയില്ല. എന്നാൽ ജെ ഡി വാൻസ്, മാർക്കോ റൂബിയോ എന്നിവർ ഈ ചർച്ചകളുടെ ഭാഗമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവർ ഈ ആഴ്ച ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങുന്നത് ആഗോള വിപണിയിൽ എണ്ണവില കുറയാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.




Feedback and suggestions