24, November, 2026
Updated on 24, November, 2026 19
ഏറെക്കാലത്തെ കാത്തിരിപ്പിനും സാങ്കേതിക തടസ്സങ്ങൾക്കും വിരാമമിട്ടുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച 'തേജസ് എംകെ-1എ' (Tejas LCA Mk-1A) യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2027 മാർച്ച് 31-നകം ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) കൈമാറുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). ഒരു സ്ക്വാഡ്രണിന് ആവശ്യമായ 16 മുതൽ 18 വരെ യുദ്ധവിമാനങ്ങൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ തന്നെ കൈമാറാൻ സാധിക്കുമെന്നാണ് എച്ച്എഎൽ വ്യോമസേനയ്ക്ക് ഉറപ്പുനൽകിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച എയർ ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്. വിമാനത്തിന്റെ ശേഷിയിലോ സാങ്കേതിക മാനദണ്ഡങ്ങളിലോ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്താതെയാണ് വ്യോമസേന ഇവ ഏറ്റെടുക്കുന്നത്. ആയുധ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ വിമാനത്തിന്റെ എല്ലാ ഹാർഡ്‌വെയർ പ്രശ്നങ്ങളും പൂർണ്ണമായും പരിഹരിച്ചുകഴിഞ്ഞു. റഡാർ സംവിധാനവുമായി ബന്ധപ്പെട്ടതടക്കമുള്ള അവശേഷിക്കുന്ന സോഫ്റ്റ്‌വെയർ തകരാറുകൾ പരിഹരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം തന്നെ തേജസ് എംകെ-1എ വ്യോമസേനയുടെ ഭാഗമാകുമെന്ന് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് നേരത്തെ വ്യക്തമാക്കിയിരുന്നു.