31, March, 2026
Updated on 31, March, 2026 2
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ രഹസ്യസഹായമില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വോട്ട് മറിച്ചില്ലെങ്കിൽ ബിജെപി ഒരിടത്തും ജയിക്കില്ലെന്നത് ഗ്യാരണ്ടിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
തിരഞ്ഞെടുപ്പ് ഗോദയിൽ നിലവിൽ കാണുന്ന ചിത്രമല്ല യഥാർത്ഥത്തിലുള്ളതെന്നും പലയിടങ്ങളിലും ശക്തമായ അടിയൊഴുക്കുകളുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽ.ഡി.എഫിന് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രി ശിവൻകുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. ഇടതുമുന്നണിയുടെ ഭാഗമല്ലാത്ത ആരുമായും സി.പി.എം രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വർഗീയ വോട്ടുകളെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അദ്ദേഹം വെല്ലുവിളിച്ചു. ജമാഅത്തെ ഇസ്‌ലാമി വർഗീയവാദികളാണെന്ന് ഇപ്പോൾ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ സതീശന് ധൈര്യമുണ്ടോ എന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവർ യു.ഡി.എഫിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.