റഷ്യൻ സൈനിക വിമാനം ക്രിമിയയിൽ തകർന്നു വീണു; 29 പേർക്കും ദാരുണാന്ത്യം


1, April, 2026
Updated on 1, April, 2026 7


റഷ്യൻ സൈനിക ചരക്ക് വിമാനം ക്രിമിയയിലെ മലനിരകളിൽ തകർന്നു വീണ് 29 മരണം. ബുധനാഴ്ച പുലർച്ചെയാണ് അപകടം സംബന്ധിച്ച വിവരങ്ങൾ റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന 23 യാത്രക്കാരും ആറ് ജീവനക്കാരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.


നിയന്ത്രണം നഷ്ടമായ അന്റോനോവ് An-26 വിമാനമാണ് കരിങ്കടൽ തീരത്തെ ക്രിമിയൻ പെനിൻസുലയിലെ മലയിടുക്കിലേക്ക് ഇടിച്ചു കയറിയത്. വിമാനവുമായുള്ള ആശയവിനിമയം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു. അപകടസ്ഥലം കണ്ടെത്തിയതായും വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വിമാനം മലയിടുക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ടാസ് (TASS) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും സാങ്കേതിക തകരാറുകളാണ് വിമാനം തകരാൻ കാരണമെന്ന് പ്രാഥമിക നിഗമനമെന്ന് ആർഐഎ (RIA) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെ ഉണ്ടായ ഈ വിമാനാപകടം റഷ്യൻ സൈനിക വിന്യാസങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും കുറിച്ച് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






Feedback and suggestions