1, April, 2026
Updated on 1, April, 2026 125
അബുദാബി : ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ആധിപത്യം തകർക്കാൻ സൈനിക നടപടിക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് തയ്യാറെടുക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്കൊപ്പം ചേർന്ന് 'ബലപ്രയോഗത്തിലൂടെ' പാത തുറപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. അറബ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദ വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇതോടെ ഇറാൻ-അമേരിക്ക യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിനായി യുഎഇ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ റഷ്യയുടെയോ ചൈനയുടെയോ വീറ്റോ അധികാരം മൂലം പ്രമേയം തടസ്സപ്പെട്ടാലും, അമേരിക്കയുമായി ചേർന്ന് സൈനിക നടപടിയുമായി മുന്നോട്ട് പോകാനാണ് യുഎഇയുടെ തീരുമാനം. കടലിടുക്കിലെ ഇറാനിയൻ മൈനുകൾ നീക്കം ചെയ്യുന്നതിനും വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനും യുഎഇ സൈന്യം മുൻകൈ എടുക്കും. ഇറാൻ്റെ കൈവശമുള്ള അബു മൂസ ഉൾപ്പെടെയുള്ള തർക്ക ദ്വീപുകളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.