27, June, 2026
Updated on 27, June, 2026 2
ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും ഖാലിസ്ഥാൻ ഭീകരഭീഷണി. ദേശീയ തലസ്ഥാനമായ ഡൽഹിയിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും വൻതോതിൽ ഭീകരാക്രമണം നടത്താൻ ഖാലിസ്ഥാൻ ഭീകരർ പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇരു സംസ്ഥാനങ്ങളിലെയും പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പോലീസ് ആസ്ഥാനങ്ങൾ എന്നിവയാണ് ഭീകരർ ലക്ഷ്യമിടുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഡൽഹി പോലീസും ഉത്തരാഖണ്ഡ് പോലീസും സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, വരും ദിവസങ്ങളിൽ ജനത്തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് നിരോധിത ഖാലിസ്ഥാൻ സംഘടനകളുടെ നീക്കം. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ഡൽഹിയിലെയും ഉത്തരാഖണ്ഡിലെയും പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പ്രധാന വിപണികൾ എന്നിവടങ്ങളിൽ നിരീക്ഷണം കർശനമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വാഹനങ്ങളും വ്യക്തികളെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതിർത്തി പങ്കിടുന്ന മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു കഴിഞ്ഞു.
രാജ്യത്ത് ഈ വർഷം മുൻപും സമാനമായ രീതിയിൽ വിദേശത്തുനിന്നും പാകിസ്ഥാൻ കേന്ദ്രീകരിച്ചുമുള്ള ഭീകരസംഘടനകളുടെ ഭീഷണികളുണ്ടായിരുന്നു. നിരോധിത ഖാലിസ്ഥാൻ ഗ്രൂപ്പുകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളും ചേർന്ന് റിപ്പബ്ലിക് ദിന പരേഡിനിടെ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണത്തിന് ശ്രമിക്കുന്നതായി ജനുവരിയിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ ചെങ്കോട്ടയ്ക്ക് സമീപമുള്ള ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നതായി ഫെബ്രുവരിയിലും ഇന്റലിജൻസ് റിപ്പോർട്ടുട്ടുകൾ ഉണ്ടായിരുന്നു.