1, April, 2026
Updated on 1, April, 2026 2
നാറ്റോ സഖ്യത്തിൽനിന്ന് അമേരിക്ക പിൻവാങ്ങുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടികളിൽ സഖ്യകക്ഷികൾ അമേരിക്കയെ പിന്തുണയ്ക്കാത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു കടുത്ത നീക്കത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നാറ്റോ വെറുമൊരു ‘കടലാസ് പുലി’ മാത്രമാണെന്നും അതിന്റെ വിശ്വാസ്യതയിൽ തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു. സഖ്യത്തിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇപ്പോൾ പുനർവിചിന്തനത്തിന് അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലുമായി ചേർന്ന് അമേരിക്ക ഇറാനെതിരെ ആരംഭിച്ച നീക്കങ്ങൾക്കിടെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഈ പാതയുടെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന അമേരിക്കയുടെ ആവശ്യം നാറ്റോ സഖ്യകക്ഷികൾ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുക്രൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്ക സഖ്യകക്ഷികൾക്കൊപ്പം നിന്നിട്ടുണ്ടെന്നും എന്നാൽ തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവർ കൂടെയില്ലെന്നും അദ്ദേഹം വിമർശിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെയും ബ്രിട്ടന്റെ നേതൃത്വത്തെയും ട്രംപ് രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്. ബ്രിട്ടന് കൃത്യമായ നാവികസേന പോലുമില്ലെന്നും പ്രവർത്തനക്ഷമമല്ലാത്ത വിമാനവാഹിനിക്കപ്പലുകളുള്ള പ്രായമേറിയവരാണ് അവരെന്നും അദ്ദേഹം പരിഹസിച്ചു. നാറ്റോ എന്നത് ഒരു ‘ഏകപക്ഷീയമായ പാത’ മാത്രമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ നാറ്റോയുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ സഖ്യത്തിൽ നിന്ന് പൂർണ്ണമായും പിന്മാറാനോ ആണ് അമേരിക്കൻ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതും ‘പേ-ടു-പ്ലേ’ പോലുള്ള പുതിയ മാതൃകകൾ നടപ്പിലാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.