തീ കുറഞ്ഞു, കറുത്ത പുക ഉയരുന്നു; ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു

Efforts continue to extinguish fire on Wan hai 503 cargo ship
10, June, 2025
Updated on 10, June, 2025 36

Efforts continue to extinguish fire on Wan hai 503 cargo ship


കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു. തീ കുറഞ്ഞു. കറുത്ത പുക ഉയരുന്നു. പൂർണ്ണമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. അഞ്ചുമണിക്ക് ശേഷമുള്ള പുതിയ ദൃശ്യങ്ങൾ കോസ്റ്റ്ഗാർഡ് പങ്കുവെച്ചു. കാണാതായ നാല് നാവികരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ കപ്പൽ പത്ത് മുതൽ പതിനഞ്ച് ഡിഗ്രിവരെ ചരിഞ്ഞു.

കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ നാവികരിൽ ആറു പേരാണ് ആശുപത്രിയിൽ ഉള്ളത്. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണ്. കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പൽ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

കണ്ടെയ്നറുകളിൽ ഗുരുതരസ്വഭാവമുളള രാസവസ്തുക്കൾ ഉണ്ടെന്ന് കപ്പൽ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന കീടനാശിനികളും കണ്ടെയ്നറുകളിൽ ഉണ്ട്. കടലിലേക്ക് രാസവസ്തുക്കളും എണ്ണയും പടരുന്നത് തടയാൻ ഡച്ച് കമ്പനിയുടെ വിദഗ്ധർ മേഖലയിലേക്ക് തിരിക്കും. അറിയിപ്പ് ലഭിച്ചാൽ കേരള തീരത്ത് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.





Feedback and suggestions