3, April, 2026
Updated on 3, April, 2026 2
കാസറഗോഡ് : എസ്ഡിപിഐ പിന്തുണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും സ്വീകാര്യമാണോ എന്ന ചോദ്യത്തിന്, ജനകീയമായ തിരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ടുകൾ ആവശ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. അതേസമയം തന്നെ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കുടുംബത്തോടൊപ്പമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം വർഗീയതയോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. "മതതീവ്രവാദ സംഘടനകളുമായി ഇടതുപക്ഷത്തിന് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ധാരണയുമില്ല. അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കുള്ള രാഷ്ട്രീയ നിലപാടുകളെ തള്ളിക്കളയുന്നു. പക്ഷേ വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണം എന്നത് അവരുടെ തീരുമാനമാണ്. വോട്ട് ചെയ്യുന്നവരുടെ 'സർട്ടിഫിക്കറ്റ്' നോക്കിയല്ല അത് സ്വീകരിക്കുന്നത്, " എന്നും ബിനോയ് വിശ്വം അറിയിച്ചു.