അമേരിക്ക – ഇറാൻ വെടിനിർത്തൽ; സ്വാഗതം ചെയ്ത് ഇന്ത്യ


8, April, 2026
Updated on 8, April, 2026 20


അമേരിക്കൻ ഇറാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ തീരുമാനത്തെ ഇന്ത്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഈ നയതന്ത്ര ധാരണ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാൻ സഹായിക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഭാഷണവും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.നിലവിലുള്ള സംഘർഷം ആഗോള വ്യാപാര മേഖലയിലും ഊർജ്ജ വിതരണത്തിലും വലിയ ആഘാതമുണ്ടാക്കിയതായി പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കാനും ആഗോള വാണിജ്യ ശൃംഖലകളെ തടസ്സപ്പെടുത്താനും ഈ സാഹചര്യം കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മേഖലയിലെ സുസ്ഥിരമായ സമാധാനം ആഗോള തലത്തിൽ തന്നെ അനിവാര്യമാണെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. ആഗോള ഊർജ്ജ സുരക്ഷ കണക്കിലെടുത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ നടക്കണമെന്ന് ഇന്ത്യ പ്രത്യേകമായി അഭ്യർത്ഥിച്ചു. നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും ആഗോള വാണിജ്യത്തിന്റെ ഒഴുക്ക് നിലനിർത്തുന്നതും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണ്ണായകമാണ്. നയതന്ത്ര നീക്കങ്ങളിലൂടെ പശ്ചിമേഷ്യയിൽ എത്രയും വേഗം സാധാരണ നില കൈവരിക്കാൻ സാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.






Feedback and suggestions