10, April, 2026
Updated on 10, April, 2026 4
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിൽ പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രാധാന്യം നൽകുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കും. വനിതാ സുരക്ഷയ്ക്കായി പ്രത്യേക സ്ക്വാഡുകളും ബറ്റാലിയനുകളും രൂപീകരിക്കും. തൊഴിൽ രഹിതർക്ക് പ്രതിമാസം 3000 രൂപ സഹായം ഉറപ്പാക്കും. സംസ്ഥാനത്ത് ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിലാക്കും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. കന്നുകാലി കടത്ത് തടയാൻ കർശന നിയമവും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ പുതിയ നിയമവും കൊണ്ടുവരും.അതേ സമയം വനിത സംവരണ ബില്ലിലെ മാറ്റങ്ങൾ തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. വനിതാ സംവരണ ബില്ലിലെ മാറ്റങ്ങൾ തിടുക്കത്തിൽ നടപ്പാക്കരുത്. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന് ഉറപ്പായതോടെ സർക്കാർ നടത്തുന്ന നാടകമാണിതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. മണ്ഡല പുനർനിർണ്ണയം ഇല്ലാതെ തന്നെ സംവരണം നടപ്പാക്കാമെന്നിരിക്കെ, സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ വിശാലമായ കൂടിയാലോചനകൾ വേണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.