11, April, 2026
Updated on 11, April, 2026 1
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിൽ നിക്ഷേപിച്ച നാവിക മൈനുകൾ (Naval Mines) എവിടെയാണെന്ന് കണ്ടെത്താനാകാതെ ഇറാൻ കുഴങ്ങുന്നതായി റിപ്പോർട്ട്. കടൽപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങൾ തന്നെ പാകിയ മൈനുകളുടെ കൃത്യമായ സ്ഥാനം അറിയാത്തതും അവ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ലാത്തതും തിരിച്ചടിയാകുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.അമേരിക്കയും ഇസ്രായേലും ഇറാാനെതിരെ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞ മാസമാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിച്ചത്. ചെറുകപ്പലുകൾ ഉപയോഗിച്ച് അശാസ്ത്രീയമായാണ് ഇറാൻ മൈനുകൾ പാകിയതെന്ന് അന്ന് തന്നെ യുഎസ് നിരീക്ഷിച്ചിരുന്നു.മാർച്ച് 2-ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉദ്യോഗസ്ഥൻ കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകൾ അഗ്നിക്കിരയാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൈനുകൾ നിക്ഷേപിച്ചത്.
എന്നാൽ ഇവ എവിടെയെല്ലാമാണ് പാകിയത് എന്നതിന്റെ കൃത്യമായ രേഖകൾ ഇറാന്റെ പക്കലില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. കടൽചുഴിയിലും ഓളങ്ങളിലും പെട്ട് ഈ മൈനുകൾ നിശ്ചിത സ്ഥാനങ്ങളിൽ നിന്ന് മാറിയതും (Drift) കാര്യങ്ങൾ സങ്കീർണ്ണമാക്കി. നിലവിൽ ടോൾ നൽകാൻ തയ്യാറുള്ള കപ്പലുകൾക്കായി ഒരു ചെറിയ പാത മാത്രമാണ് ഇറാൻ തുറന്നുകൊടുത്തിരിക്കുന്നത്.ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സുരക്ഷിതമായി ഉടൻ തുറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ട്രംപ് മുന്നോട്ടുവെച്ച പ്രധാന നിബന്ധനയും ഇതായിരുന്നു. എന്നാൽ "സാങ്കേതിക പരിമിതികൾ പരിഗണിച്ചായിരിക്കും" കടലിടുക്ക് തുറക്കുക എന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ പ്രസ്താവന മൈൻ പ്രശ്നം ഇറാൻ സമ്മതിക്കുന്നതിന്റെ സൂചനയാണെന്ന് യുഎസ് കരുതുന്നു.