12, April, 2026
Updated on 12, April, 2026 24
ഇറാനു പുതിയ വ്യോമപ്രതിരോധ സംവിധാനം നല്‍കാന്‍ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തോളില്‍ വച്ച് വെടിയുതിര്‍ക്കാവുന്ന ‘മാന്‍പാഡ്‌സ്’ എന്നറിയപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് കൈമാറുന്നതെന്നാണു പുറത്തുവരുന്ന വിവരം. മൂന്നാമതൊരു രാജ്യം വഴിയാണു പ്രതിരോധസാമഗ്രികള്‍ അയയ്ക്കുകയെന്ന് യുഎസ് ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന് ചൈനയില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് വാര്‍ത്ത പുറത്തുവരുന്നത് യുഎസ്- ഇറാന്‍ ചര്‍ച്ചകള്‍ ധാരണയാകാതെ അവസാനിച്ചതോടെയാണ്.
പാകിസ്ഥാനില്‍ നടന്ന യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ യുഎസ് ഇറാനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം സംബന്ധിച്ച് ഒരു മാധ്യമത്തില്‍വന്ന ലേഖനം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് നാവിക ഉപരോധത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന കാര്യം ചര്‍ച്ചയായത് . ‘ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ കൈവശമുള്ള ആയുധം – നാവിക ഉപരോധം’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. യുഎസിന്റെ അന്തിമ നിര്‍ദ്ദേശം ഇറാന്‍ നിരസിക്കുകയാണെങ്കില്‍ എണ്ണ കയറ്റുമതി തടയുന്നതിനായി നാവിക ഉപരോധം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഹോര്‍മുസ്, ആണവ വിഷയങ്ങളിലെ യുഎസ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആണ് ലോകത്തെ അറിയിച്ചത്. പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആണവായുധങ്ങള്‍ക്കെതിരെ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും വാന്‍സ് പറഞ്ഞതിന് പിന്നാലെ യുഎസിന്റെ കടുത്ത നിലപാടുകളാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഇറാന്‍ അധികൃതര്‍ പ്രതികരിച്ചു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചതായും ഇരുപക്ഷത്തു നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ രേഖകള്‍ കൈമാറുമെന്നും ഇറാന്‍ സര്‍ക്കാര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.