15, April, 2026
Updated on 15, April, 2026 106
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഡാർജിലിംഗിലെ ഗൂർഖ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡാർജിലിംഗിലെ ലെബോങ്ങിൽ നിശ്ചയിച്ചിരുന്ന റാലിയിൽ മോശം കാലാവസ്ഥയെത്തുടർന്ന് നേരിട്ട് എത്താൻ കഴിയാതിരുന്ന ഷാ, വീഡിയോ സന്ദേശത്തിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ബംഗാളിനെ വിഭജിക്കാതെ തന്നെ ഗോർഖാ രാഷ്ട്രീയ പ്രശ്നത്തിന് ഭരണഘടനാപരമായ സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി. മുൻകാലങ്ങളിൽ നടന്ന ഗോർഖാലാൻഡ് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ചുമത്തിയ എല്ലാ പോലീസ് കേസുകളും ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്നും അമിത് ഷാ അറിയിച്ചു. ഡാർജിലിംഗിനെ ഒരു ഇക്കോ-അഡ്വഞ്ചർ ഹബ്ബായി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഉത്തര ബംഗാളിൽ ഒരു എയിംസ് , 600 ബെഡ്ഡുകളുള്ള ക്യാൻസർ ആശുപത്രി, ഐഐടി, ഐഐഎം എന്നിവ സ്ഥാപിക്കുമെന്നും അമിത് ഷാ അറിയിച്ചു. കൂടാതെ രാജ്ബംഷി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്നും അമിത് ഷാ ഉത്തര ബംഗാളിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകി.