കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോരാട്ടം കടുപ്പിച്ച്‌ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ


16, April, 2026
Updated on 16, April, 2026 1


ചെന്നൈ: മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോരാട്ടം കടുപ്പിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച്‌ മണ്ഡല പുനർനിർണയം കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ തമിഴ്‌നാട്ടിലുടനീളം ഡിഎംകെ കരിങ്കൊടി പ്രതിഷേധം നടത്തി. കറുത്ത വസ്ത്രം ധരിച്ചെത്തിയ സ്റ്റാലിൻ, നിർദിഷ്ട ഭേദഗതി ബില്‍ കത്തിച്ചാണ് സമരത്തിന് തുടക്കമിട്ടത്. മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്കെതിരായ ചരിത്രപരമായ അനീതിയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.


"ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുകയും ചെയ്ത തമിഴ്‌നാടിന് നല്‍കുന്ന ശിക്ഷയാണോ ഇത്?" എന്ന് അദ്ദേഹം ചോദിച്ചു. ജനസംഖ്യാനുപാതികമായി മണ്ഡലങ്ങള്‍ പുനർനിർണയിക്കുമ്പോള്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് പാർലമെന്റിലെ സീറ്റുകള്‍ നഷ്ടമാകുമെന്നതാണ് പ്രധാന ആശങ്ക. ഇത് ജനസംഖ്യാ വർധനവ് നിയന്ത്രിക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ അധികാരം നല്‍കാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് തന്റെ 'അവസാന മുന്നറിയിപ്പാണെന്ന്' എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ വ്യക്തമാക്കിയ സ്റ്റാലിൻ, ബിജെപി കളിക്കുന്നത് തീക്കളിയാണെന്ന് കുറ്റപ്പെടുത്തി. ഈ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടികള്‍ ഉയരുമെന്നും അറുപതുകളില്‍ ഡിഎംകെ നടത്തിയ സമാനതകളില്ലാത്ത സമരവീര്യത്തിന് തമിഴകം വീണ്ടും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ദക്ഷിണേന്ത്യയുടെ ശ്രദ്ധ തിരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും, തമിഴകം സ്തംഭിക്കുന്ന രീതിയിലുള്ള പോരാട്ടത്തിന് ഓരോ കുടുംബവും തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രത്യേക പാർലമെന്റ് സമ്മേളനത്തില്‍ ഡിഎംകെ എംപിമാർ പങ്കെടുക്കുമെന്നും സഭയ്ക്കുള്ളിലും പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആത്മാഭിമാനമുള്ള തമിഴർക്ക് ഭരണത്തേക്കാള്‍ വലുത് ആശയാദർശങ്ങളാണെന്നും സ്റ്റാലിൻ ഓർമിപ്പിച്ചു. തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുമ്പോള്‍ ഇത് ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.




Feedback and suggestions