ഇറാന്‍-അമേരിക്ക യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു


23, April, 2026
Updated on 23, April, 2026 2


വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാന്‍-അമേരിക്ക യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ നിലവില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.അതേസമയം, തന്ത്രപ്രധാനമായ ഹൗര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം.ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടയുന്ന അമേരിക്കന്‍ ഉപരോധം ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഇറാന്‍ തുറമുഖങ്ങളില്‍ നിന്ന് എണ്ണയുമായി പുറപ്പെടാനോ അകത്തേക്ക് പ്രവേശിക്കാനോ ഒരു കപ്പലിനെയും അനുവദിക്കുന്നില്ല. ഇതിലൂടെ ഇറാന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും വരിഞ്ഞുമുറുക്കാന്‍ സാധിച്ചതായും പ്രതിദിനം 500 മില്യണ്‍ ഡോളറിന്റെ നഷ്ടം ഇറാനുണ്ടാവുന്നുണ്ടെന്നും അമേരിക്ക അവകാശപ്പെട്ടു.




ഹൗര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ച മൂന്ന് ചരക്ക് കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചു. ഇതില്‍ രണ്ട് കപ്പലുകളിലെ ജീവനക്കാരെ ഇറാന്‍ തടങ്കലിലാക്കിയിരിക്കുകയാണ്. തങ്ങളുടെ കപ്പലായ 'തൗസ്‌ക' അമേരിക്ക പിടിച്ചെടുത്തതിനെ 'കടല്‍ക്കൊള്ള' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇതിനുള്ള പ്രതികാരമായാണ് എം.എസ്.സി ഫ്രാന്‍സെസ്‌ക ഉള്‍പ്പെടെയുള്ള കപ്പലുകള്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് സൂചിപ്പിച്ചു.ഇറാന്‍ യുദ്ധം യൂറോപ്പിനെ ദുര്‍ബലപ്പെടുത്തുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സമാധാനപരമായ സമീപനത്തിലൂടെ ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജര്‍മ്മന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചത്.അതിനിടെ, ഇസ്രായേലും ലബനനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടക്കും. നിലവിലുള്ള പത്തു ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇസ്രായേല്‍ സൈന്യം ലബനന്‍ മണ്ണില്‍ നിന്ന് പിന്മാറണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നുമാണ് ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ആവശ്യപ്പെടുന്നത്.














Feedback and suggestions