രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി


24, April, 2026
Updated on 24, April, 2026 3


തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ വിശദീകരണം നൽകിയതോടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തിട്ടില്ലെന്ന് നരവനെ വ്യക്തമാക്കിയതോടെ രാഹുലിന്റെ കള്ളങ്ങൾ വെളിച്ചത്തായെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു. ചൈനീസ് സംഘർഷവേളയിൽ സൈന്യത്തിന് കൃത്യമായ രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.


അതിർത്തിയിലെ യഥാർത്ഥ വസ്തുതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഇന്ത്യൻ ഭൂപ്രദേശം ചൈനയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അവരോട് തന്നെ ചോദിച്ചു നോക്കൂ എന്നായിരുന്നു നരവനെയുടെ മറുപടി. തന്നെയും സൈന്യത്തെയും രാഷ്ട്രീയ ലാഭങ്ങൾക്കായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അന്യായമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇതോടെ രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് ബിജെപി കൂടുതൽ കരുത്ത് നൽകുകയാണ്.


നേരത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ നരവനെയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുസ്തകം അന്ന് പ്രസിദ്ധീകരിക്കാത്തതിനാൽ സ്പീക്കർ അത് തടയുകയായിരുന്നു. ഇപ്പോൾ നരവനെ നേരിട്ട് വിശദീകരണം നൽകിയ സാഹചര്യത്തിൽ, പ്രതിപക്ഷം സൈന്യത്തെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന നിലപാടിലാണ് ബിജെപി.




Feedback and suggestions