25, April, 2026
Updated on 25, April, 2026 2
ബി.ജെ.പിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ മുൻ ഡി.ജി.പിയും വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥിയുയമായിരുന്ന ആർ. ശ്രീലേഖയെ പ്രതി ചേർത്തു.
നെട്ടയത്ത് ബി.ജെ.പി പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന മഹിളാ മോർച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. പ്രതിഷേധത്തിനിടെ പോലീസിനെതിരെ 'പോടാ പുല്ലേ പോലീസേ' എന്ന അധിക്ഷേപകരമായ മുദ്രാവാക്യം ശ്രീലേഖ വിളിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ അഞ്ചു ബി.ജെ.പി നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ മാർച്ച് ഉദ്ഘാടനം ചെയ്യുകയും അധിക്ഷേപകരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ശ്രീലേഖയെ പ്രതി ചേർക്കാത്തതിനെതിരെ പോലീസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ശ്രീലേഖ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി പോലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥും പുതുക്കിയ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. താൻ ദീർഘകാലം ജോലി ചെയ്ത വകുപ്പിനെതിരെ പരസ്യമായി അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച ശ്രീലേഖയുടെ നടപടിയെ വിമർശിച്ച് വിവിധ പോലീസ് അസോസിയേഷൻ നേതാക്കൾ രംഗത്തെത്തിയിരുന്നു. ശ്രീലേഖയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ സിറ്റി പോലീസ് കമ്മീഷണറുടെ നടപടിയെ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തും വിമർശിച്ചിരുന്നു.
തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച ആർ. ശ്രീലേഖ, സർവീസിലിരുന്ന കാലത്തും തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ താൻ ഈ സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. "ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്," ശ്രീലേഖ കുറിച്ചു.അന്നൊന്നും ഏതെങ്കിലും രാഷ്ട്രീയ നേതാവോ പോലീസ് അസോസിയേഷൻ നേതാവോ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്ത് കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ തെറ്റ് കാണുന്നതെന്നും ശ്രീലേഖ ചോദിച്ചു. "എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം," എന്നും ശ്രീലേഖ കുറിച്ചു.