25, April, 2026
Updated on 25, April, 2026 2
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ ഉപയോഗിക്കുന്നവർ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിട്ടു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്ത് എൽപിജി വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം, പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല.ഇത്തരത്തിൽ പിഎൻജി കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ 15 ദിവസത്തിനുള്ളിൽ എൽപിജി കണക്ഷൻ ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി https://mypngd.in എന്ന വെബ് പോർട്ടൽ വഴിയോ അതല്ലെങ്കിൽ ബന്ധപ്പെട്ട ഗ്യാസ് ഏജൻസിയെ നേരിട്ടോ സമീപിക്കാവുന്നതാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കുന്നതിനും വിതരണ ശൃംഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനുമാണ് ഈ പുതിയ ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.