കളിമൺ പാത്ര വ്യവസായം പ്രതിസന്ധിയിൽ


28, April, 2026
Updated on 28, April, 2026 3


നെയ്യാറ്റിൻകര: തൊഴുക്കലിൽ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കളിമൺ പാത്ര വ്യവസായം പ്രതിസന്ധിയിൽ. ലാഭകരമാക്കുവാൻ ഇവിടെ കളിമൺ പാത്രനിർമ്മാണ സഹകരണ സംഘം പ്രവർത്തിക്കുന്നുവെങ്കിലും വിപണി ദൗർലഭ്യം കാരണം വേണ്ടത്ര വരുമാനം ലഭിക്കുന്നില്ല.കളിമണ്ണിന്റെ ലഭ്യതാക്കുറവും വിപണന സാധ്യത കുറവും നിർമ്മാണത്തിനുണ്ടാകുന്ന അധിക ചിലവുമാണ് പരമ്പരാഗത മൺപാത്ര നിർമ്മാണ വ്യവസായം നശിക്കുന്നതിന്റെ കാരണം. ഉടമസ്ഥതർ കളിമണ്ണ് നൽകാതും തൊഴിൽ മേഖലയ്ക്ക് തിരിച്ചടിയായി. തൊഴിൽ ശാലകൾ പ്രതിസന്ധിലായതോടെ പരമ്പരാഗതമായി നിർമ്മിച്ചിരുന്ന തൊഴുക്കലിൽ തൊഴിലാളികൾ മറ്റ് തൊഴിലിലേക്ക് മാറി. എന്നാൽ പ്രദേശത്ത് ഇപ്പോഴും നിരവധി കുടുംബങ്ങൾ ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നു. ഈ മേഖലയിലെ തൊഴിലാളികളെ നിലനിറുത്തണം. അതിനുവേണ്ടിയുള്ള സഹായസഹകരണങ്ങൾ ഗവൺമെന്റിൻ്റെ ഭാഗത്തുണ്ടാകണം എന്നുള്ളതാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യം.മൺപാത്രങ്ങൾ നിർമിക്കാൻ വേണ്ട കളിമണ്ണിന്റെ ലഭ്യതക്കുറവാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു ലോഡ് കളി മണ്ണിന് 50,000 രൂപ വിലയാണ് ഉടമകൾ ഈടാക്കുന്നത്. പരമ്പരാഗതമായി മൺപാത്രങ്ങൾ നിർമിക്കുന്ന ഒരു കുടുംബത്തിന് റോയൽറ്റി നൽകാതെ 50 ടൺ വരെ കളിമണ്ണ് ഖനനം ചെയ്തെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉത്തരവ് ഇറങ്ങിയിരുന്നു. ഉത്തരവ് പലപ്പോഴും കളിമൺ പാത്രങ്ങൾ നിർമിക്കുന്നവർക്കു കീറാമുട്ടിയായി കളിമണ്ണ് മൺപാത്രങ്ങൾ തൊഴിലാളികൾ പറഞ്ഞു. ഖനനത്തിന് വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ, ജിയോളജി വകുപ്പിന്റെ പരിശോധന തുടങ്ങിയവ ഇവർക്ക് കുരുക്കായി. കളിമൺ ഖനനത്തിന് അതത് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള എൻ‌ഒസി മാത്രമായി പരിമിതപ്പെടുത്തിയാൽ ഈ വ്യവസായം വീണ്ടും പച്ചപിടിക്കുമെന്നും ഉപേക്ഷിച്ചു കടന്നവർ തിരികെ വരുമെന്നുമാണ് തൊഴിലാളികൾ പറയുന്നത്. അതിനു വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന്കളിമൺ നിർമ്മാണ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.




Feedback and suggestions