29, April, 2026
Updated on 29, April, 2026 46
ലഖ്‌നൗ : രണ്ടുദിവസത്തെ വാരണാസി സന്ദർശനത്തിനായി ഉത്തർപ്രദേശിൽ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. ബരേകയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം വിശ്വനാഥ് ധാമിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ 108 വേദ വിദ്യാർത്ഥികൾ ചേർന്ന് ശംഖ, ഡമരു നാദങ്ങളോടെ ആണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി ബാബ വിശ്വനാഥന് പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും ചെയ്ത് പ്രാർത്ഥന നടത്തി.
പണ്ഡിറ്റ് ഓം പ്രകാശ് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പുരോഹിത സംഘം പ്രധാനമന്ത്രിക്കായി പ്രത്യേക ഷോഡശോപചാര പൂജകൾ നടത്തി. പ്രാർത്ഥനകൾക്ക് ശേഷം ക്ഷേത്ര ഭരണസമിതി അദ്ദേഹത്തിന് ഒരു വെള്ളി തൃശൂലവും ഡമരുവും അംഗവസ്ത്രവും പ്രസാദമായി നൽകി. ക്ഷേത്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഹർദോയിയിലേക്ക് തിരിച്ചു. അവിടെ വച്ച് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഹൈസ്പീഡ് ഇടനാഴികളിലൊന്നായ ഗംഗാ എക്സ്പ്രസ് വേ അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി വാരണാസിയിൽ മാത്രം ഏകദേശം ₹6,350 കോടിയുടെ പുതിയ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. വാരണാസി ജംഗ്ഷൻ - പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ മൂന്ന്, നാല് റെയിൽവേ ലൈനുകൾ, 30 ഗ്രാമീണ കുടിവെള്ള പദ്ധതികൾ, ചന്ദ്രാവതി ഘട്ടിന്റെ പുനർവികസനവും സാരനാഥിനടുത്തുള്ള സാരംഗനാഥ ക്ഷേത്രത്തിന്റെ നവീകരണവും എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ച് പദ്ധതികൾ. കൂടാതെ രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.