2, May, 2026
Updated on 2, May, 2026 0
ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോൺഗ്രസിന് കത്തയച്ചു. ഏപ്രിൽ ഏഴ് മുതൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പാലിക്കുന്നുണ്ടെന്നും അതിനാൽ പോരാട്ടം അവസാനിച്ചതായാണ് ട്രംപിന്റെ നിലപാട്. 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരാൻ പാർലമെന്റിന്റെ അനുമതി വേണമെന്ന നിയമപരമായ കടമ്പ മറികടക്കാനാണ് മെയ് ഒന്നിന് തൊട്ടുമുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ഹൗസ് സ്പീക്കർ മൈക്ക് ജോൺസണ് അയച്ച കത്തിൽ, ഏപ്രിൽ ഏഴിന് ശേഷം പുതിയ വെടിവെയ്പ്പുകൾ ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. സൈനിക നീക്കം അവസാനിച്ചതിനാൽ ഇനി കോൺഗ്രസിന്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. എങ്കിലും പശ്ചിമേഷ്യയിൽ ഇപ്പോഴും 50,000-ത്തിലധികം അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ ഈ തന്ത്രപരമായ നീക്കത്തിനെതിരെ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കടുത്ത പ്രതിഷേധത്തിലാണ്. ഇറാൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്നും, ഭരണഘടനയിൽ യുദ്ധം താൽക്കാലികമായി നിർത്താൻ പ്രത്യേക ‘പോസ്’ ബട്ടൺ ഇല്ലെന്നും സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചു. ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുന്നത് അന്താരാഷ്ട്ര തലത്തിലും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.