ഇന്ധനവില കുതിച്ചുയരുന്നു; നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ അമേരിക്ക!


3, May, 2026
Updated on 3, May, 2026 1


ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കും അതിനെത്തുടർന്നുണ്ടായ സംഘർഷങ്ങൾക്കും പിന്നാലെ അമേരിക്കയിലെ ഇന്ധനവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് എഎഎ വ്യക്തമാക്കുന്നു. നിലവിൽ അമേരിക്കയിൽ സാധാരണ ഗ്യാസിന്റെ ശരാശരി വില ഗാലണിന് 4.30 ഡോളറിലെത്തിയിരിക്കുകയാണ്. കാലിഫോർണിയ പോലുള്ള ചില സംസ്ഥാനങ്ങളിൽ ഇത് 6 ഡോളറും കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ ആഴ്ചയേക്കാൾ 27 സെന്റാണ് പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇറാൻ പ്രദേശങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ എണ്ണവിലയിൽ ഉണ്ടായ വൻ വർദ്ധനവാണ് അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ധന പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം.


ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ടാണ് അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് ഇറാൻ തിരിച്ചടി നൽകിയത്. ഈ ഉപരോധം ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയരാൻ കാരണമായി. അസംസ്കൃത എണ്ണവിലയിൽ ബാരലിന് ഒരു ഡോളർ വർദ്ധിക്കുമ്പോൾ പമ്പുകളിൽ ശരാശരി രണ്ടര സെന്റിന്റെ വർദ്ധനവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബ്രൗൺ യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം ഈ യുദ്ധം കാരണം ഇന്ധന ഇനത്തിൽ മാത്രം അമേരിക്കക്കാർക്ക് ഇതിനോടകം തന്നെ 79 ബില്യൺ അമേരിക്കൻ ഡോളറിലധികം അധികച്ചെലവ് വന്നിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം പാകിസ്ഥാൻ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ നടന്നുവെങ്കിലും അമേരിക്കയുടെ കടുത്ത നിലപാടുകൾ കാരണം ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നിയമവിരുദ്ധ ഉപരോധങ്ങൾ പിൻവലിക്കാതെ ചർച്ചകളിലേക്ക് മടങ്ങിവരില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം തുടരുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന ഇറാന്റെ ശക്തമായ നിലപാട് ആഗോള എണ്ണവിപണിയെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.




Feedback and suggestions