5, May, 2026
Updated on 5, May, 2026 3
യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഇന്ത്യ. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികളായ സാധാരണക്കാർക്കും നേരെയുള്ള ശത്രുതാപരമായ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു. പരിക്കേറ്റ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സംഘർഷഭരിതമായ പശ്ചിമേഷ്യയിൽ നയതന്ത്ര ഇടപെടലുകളിലൂടെയും ചർച്ചകളിലൂടെയും സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഹോർമൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും വ്യാപാരവും തടസ്സമില്ലാതെ നടക്കണമെന്ന് ഇന്ത്യ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.