കേരള മുഖ്യമന്ത്രി ചർച്ചയിലെ ശക്തി പ്രകടനത്തിന് പിന്നിലാരെന്ന് കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ ചോദ്യം, സാഹചര്യം എന്തെന്നും ആരാഞ്ഞു; പ്രഖ്യാപനം ഇന്നുണ്ടാകുമോ?


12, May, 2026
Updated on 12, May, 2026 0


കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകൾ സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും കെപിസിസി ഭാരവാഹികളുമായും രാഹുൽ ഗാന്ധി വ്യക്തിഗത കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തുണ്ടായ ശക്തിപ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ച് രാഹുൽ നേതാക്കളോട് നേരിട്ട് ചോദിച്ചറിഞ്ഞു. ഈ നീക്കങ്ങൾക്ക് പിന്നിൽ ആരാണെന്നും, പാർട്ടി തീരുമാനം വന്നാൽ ഇവ അവസാനിക്കുമോ എന്നതുമായിരുന്നു രാഹുലിന്റെ പ്രധാന ചോദ്യങ്ങൾ.കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ തുടങ്ങിയ മുൻ കെപിസിസി അധ്യക്ഷന്മാരും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളിൽ ജനവികാരം കൂടി കണക്കിലെടുക്കണമെന്ന് ചില നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ ആരെ നിശ്ചയിക്കണമെന്നത് സംബന്ധിച്ച അഭിപ്രായ രൂപീകരണമാണ് ഇപ്പോൾ നടക്കുന്നത്.നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി പ്രത്യേകം സംസാരിക്കും. ഇതിന് ശേഷം സോണിയ ഗാന്ധിയുമായുള്ള അവസാനഘട്ട കൂടിയാലോചനകൾക്ക് പിന്നാലെയാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന കർശന നിർദ്ദേശമാണ് ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്നത്.






Feedback and suggestions