21, May, 2026
Updated on 21, May, 2026 4
ക്യൂബയെ ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് പിന്നാലെ കരീബിയൻ കടലിൽ വൻ സൈനിക വിന്യാസവുമായി യുഎസ്. യുഎസിന്റെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിലൊന്നായ യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ നിലയുറപ്പിച്ചു. അമേരിക്കയുടെ കരീബിയൻ-ലാറ്റിൻ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎസ് സതേൺ കമാൻഡ് ആണ് യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ എത്തിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ അമേരിക്ക കൊലക്കുറ്റം ചുമത്തിയ അതേ ദിവസം തന്നെയാണ് ഈ യുദ്ധക്കപ്പൽ കരീബിയൻ തീരത്ത് എത്തിച്ചേർന്നത് എന്നത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഇറാൻ സൈനിക നീക്കത്തിന് ശേഷം ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന സൂചനകൾ പ്രസിഡന്റ് ട്രംപ് തന്നെ നൽകിയിട്ടുണ്ട്. എന്നാൽ റൗൾ കാസ്ട്രോയുടെ അറസ്റ്റിന് പിന്നാലെ സൈനിക നീക്കം അടിയന്തിരമായി ശക്തമാക്കില്ലെന്നും ക്യൂബയെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്ന് 'മോചിപ്പിക്കുകയാണ്' ലക്ഷ്യമെന്നും ട്രംപ് പിന്നീട് സൂചിപ്പിച്ചിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തതിന് സമാനമായ നീക്കമാണ് അമേരിക്ക ക്യൂബയിലും ലക്ഷ്യമിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്യൂബൻ വംശജനായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ ജനതയ്ക്ക് സ്പാനിഷ് ഭാഷയിൽ അയച്ച സന്ദേശത്തിൽ, രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണെന്ന് കുറ്റപ്പെടുത്തുകയും യുഎസ് ഉപരോധങ്ങളെ ന്യായീകരിക്കുകയും ചെയ്തത് യുഎസിന്റെ അടുത്ത ലക്ഷ്യം ക്യൂബ ആണെന്ന സൂചന നൽകുന്നതാണ്....