28, September, 2026
Updated on 28, September, 2026 10
വീണ്ടും യുഎസ്-ഇറാന്‍ വാക്‌പോര്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഉടന്‍ വിജയം കാണുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. അവസാന യുദ്ധത്തിന് തയ്യാര്‍ എന്നായിരുന്നു അബ്ബാസ് അരാഗ്ചി പറഞ്ഞത്. യുദ്ധം പുനഃരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണസജ്ജമാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.എന്ത് സംഭവിച്ചാലും നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല. തങ്ങളുടെ രാജ്യത്തിന്റെ താത്പര്യമാണ് തങ്ങള്‍ക്ക് പ്രധാനം. അതേസമയം തങ്ങള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍ തീരുമാനമെടുക്കേണ്ടത് ട്രംപാണെന്നും അരാഗ്ചി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ ഒരു പോസ്റ്റും അബ്ബാസ് അരാഗ്ചി പങ്കുവെച്ചു. താനും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ന്യൂയോര്‍ക്കിലേക്ക് വന്നത് യുദ്ധം വില്‍ക്കാനല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനാണെന്നുമായിരുന്നു അബ്ബാസ് അരാഗ്ചി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്. യുദ്ധം പുനഃരാരംഭിച്ചാല്‍ നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. അത് അവസാന യുദ്ധമാണെങ്കില്‍പ്പോലും തങ്ങള്‍ നേരിടും. അതേസമയം തന്നെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും അബ്ബാസ് അരാഗ്ചി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള സംഘര്‍ഷങ്ങളില്‍ ഉടന്‍ വിജയം കാണുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാന് നേരെ സൈനിക നടപടിയുണ്ടാകുമെന്നുള്ള സൂചനയും ട്രംപ് നൽകിയിരുന്നു.